കൊറോണിലിന് ലോക ആരോഗ്യ സംഘടന അനുമതി നൽകിയെന്ന അവകാശവാദം; ഞെട്ടൽ രേഖപ്പെടുത്തി ഐഎംഎ ; കേന്ദ്രആരോഗ്യ മന്ത്രിയോട് വിശദീകരണം തേടി

ന്യൂഡെൽഹി: പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോക ആരോഗ്യ സംഘടന അനുമതി നൽകിയെന്ന അവകാശ വാദത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ). കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിലാണ് പതഞ്ജലി തലവൻ ബാബാ രാംദേവ് കൊറോണ മരുന്നിന് ലോക ആരോഗ്യ സംഘടന അനുമതി നൽകിയെന്ന ‘കള്ളം’ പറഞ്ഞത്. എന്നാൽ, പതഞ്ജലിയുടെ അവകാശ വാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.

ഇതുവരെ കൊറോണ മരുന്നിന് അനുമതി നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തുടർന്നാണ് കേന്ദ്രമന്ത്രിയിൽ നിന്ന് ഐഎംഎ വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസമാണ് കൊറോണിൽ ടാബ്ലറ്റിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയുഷ് മന്ത്രാലയം അനുമതി നൽകിയെന്ന് ബാബാ രാംദേവ് അറിയിച്ചത്.

അശാസ്ത്രീയവും വ്യാജവുമായ ഒരുൽപ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും ഐഎംഎ ചോദിച്ചു.

മന്ത്രിയിൽ നിന്ന് രാജ്യത്തിന് വിശദീകരണം വേണമെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെടാൻ ഐഎംഎ ദേശീയ മെഡിക്കൽ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.