തിരുവനന്തപുരം: തുടക്കത്തിലെ പരിഗണന ജോസ് കെ മാണി വിഭാഗത്തിന് ഇടതുമുന്നണിയിൽ ലഭിക്കില്ലെന്ന് സൂചന. ഇടതുമുന്നണിയിൽ ഘടക കക്ഷികളുമായി സിപിഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കുമ്പോൾ കേരളാ കോൺഗ്രസ് എമ്മിന് (ജോസ് വിഭാഗം) ആകെ 10 സീറ്റ് നൽകിയാൽ മതിയെന്ന അഭിപ്രായം സിപിഎമ്മിൽ ശക്തമാകുന്നു. ഓരോ പാര്‍ട്ടിയുമായി പ്രത്യേകമായാണ് ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിക്കു പുറത്തു നിന്നു സഹകരിച്ച ഐഎന്‍എല്ലുമാണ് എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍.
സിപിഐഎമ്മും സിപിഐയും നേരത്തെ പ്രാഥമിക സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. അന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ച. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് സി പിഐഎമ്മിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
യുഡിഎഫ് നല്‍കിയ 15 സീറ്റുകള്‍ എല്‍ഡിഎഫിനോടും ജോസ് കെ മാണി ആവശ്യപ്പെടുമെങ്കിലും 12 കൊണ്ട് തൃപ്തിപ്പെടാൻ പാർട്ടി തയ്യാറാണ്. എന്നാല്‍ പരമാവധി 10 സീറ്റാണ് ജോസ് വിഭാഗത്തിന് സിപിഎം നൽകുകയെന്നാണ് സൂചന. ഒടുവിൽ ഒരു സീറ്റ് കൂടി നൽകി നീക്കുപോക്കുണ്ടാക്കിയേക്കും.
ഏഴു സീറ്റുകളാണ് എല്‍ജെഡിയുടെ ആവശ്യം. മാണി സി. കാപ്പന്‍ പോയെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് തന്നെ എന്‍സിപി ആവശ്യപ്പെടും. ജനാധിപത്യ കേരളാ കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ മൽസരിച്ച ഇടുക്കി .തൊടുപുഴ, ചങ്ങനാശേരി, തിരുവനന്തപുരം വെസ്റ്റ് മണ്ഡലങ്ങളിൽ ഒരെണ്ണം കുറഞ്ഞാലും മൂന്നെങ്കിലും കിട്ടുമെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ ആരും വിജയിക്കാതിരുന്ന പാർട്ടിക്ക് ഒരു സീറ്റ് മാത്രം നൽകാനാണ് സിപിഎം ആലോചിക്കുന്നത്. ചിലപ്പോൾ ഇത് ഒന്നുകൂടി ലഭിച്ചേക്കാം.