കേരളത്തിൽ കൊറോണ പരിശോധന കൂട്ടണമെന്ന് വീണ്ടും കേന്ദ്രം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്തെ 74 ശതമാനം കേസുകളും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്നതിനാൽ പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിൻ്റെ നിർദ്ദേശം. കേരളത്തിൽ രോഗം അതിവേഗം പടരുന്ന ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊറോണ വ്യാപനത്തിൽ സംസ്ഥാനങ്ങൾ ജാഗ്രതാ പുലർത്തണം. മഹാരാഷ്ട്രയിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വകഭേദം കൂടുതൽ അപകടകാരിയാകാൻ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം ഉയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. മഹാരാഷ്ട്രയും കേരളവുമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പരിശോധനകൾ കൂട്ടണം. ആർടിപിസിആർ ടെസ്റ്റുകളും കേന്ദ്രം നിർബന്ധമാക്കി.

പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് ദിവസമായി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്. റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ് നടത്തണം.

കണ്ടെയ്മെൻറ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. മഹാരാഷ്ട്രയിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വകഭേദം കൂടുതൽ അപകടകാരിയാകാൻ ഇടയുണ്ടെന്നാണ് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കുന്നത്.