തിരുവനന്തപുരം: വിവാദ നിയമനങ്ങളുടെ തുടർച്ചയെന്നോണം കേരള സർവകലാശാലയിൽ ചട്ടം മറികടന്ന് തിരക്കിട്ട് രജിസ്ട്രാറെ നിയമിക്കാൻ നടപടി തുടങ്ങി. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന താൽക്കാലിക രജിസ്ട്രാറെ മാറ്റി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിജ്ഞാപനം വരുന്നതിനുമുമ്പ് സ്ഥിരം രജിസ്ട്രാറെ കേരള നിയമിക്കാനാണ് ചട്ടവിരുദ്ധ നീക്കം.
ഈ മാസം 18 (വ്യാഴാഴ്ച)ആയിരുന്നു വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. 5000 രൂപയാണ് അപേക്ഷാ ഫീസായി സർവകലാശാല നിശ്ചയിച്ചിരുന്നത്. അഞ്ചു വർഷം യൂണിവേഴ്സിറ്റി അധ്യാപന പരിചയവും അഞ്ചുവർഷം വകുപ്പ് മേധാവിയായുള്ള പരിചയമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. 12 പേരാണ് അപേക്ഷകരാ യുള്ളത്.
എല്ലാ അപേക്ഷകരോടും തിങ്കളാഴ്ച രാവിലെ ഇന്റർവ്യൂവിന് ഹാജരാകാനാണ് അധികൃതർ ഫോണിലൂടെ നിർദേശം നൽകിയിരിക്കുന്നത്. ഇൻ്റർവ്യൂ കഴിഞ്ഞാൽ ഉടൻ നിയമനത്തിന് വേണ്ടി ഉച്ചയ്ക്ക് ശേഷം സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
ഇന്റർവ്യൂവിന് കുറഞ്ഞത് 15 ദിവസം മുൻപ് അപേക്ഷകർക്ക് നോട്ടീസ് നൽകിയിരിക്കണമെന്ന ഹൈക്കോടതി വിധി അവഗണിച്ചാണ് രണ്ട് ദിവസത്തെ നോട്ടീസിൽ ഇന്റർവ്യൂ നടത്തുന്നത്. ഇത് കോടതിവിധിയുടെ ലംഘനമാണ്. മിനിമം യോഗ്യതകൾ ഇല്ലാത്തവരെ ഇൻറർവ്യൂവിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
നിയമനം നൽകേണ്ടവരെ മുൻകൂട്ടി നിശ്ചയിച്ചു നടത്തുന്ന ചട്ടവിരുദ്ധ ഇൻ്റർവ്യൂവും നിയമനനീക്കവും നിർത്തി വയ്ക്കാൻ നിർദേശം നൽകണമെന്നുമാവ ശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ഗവർണർക്ക് നിവേദനം നൽകി.