ന്യൂഡെൽഹി: ഗർഭിണികൾക്കും കുട്ടികൾക്കും സൗജന്യമായി പ്രതിരോധ വാക്‌സിൻ നൽകുന്ന ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. കേന്ദ്രസർക്കാരിന്റെ ആരോഗ്യപരിപാടിയായ മിഷൻ ഇന്ദ്രധനുഷ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ ഉദ്ഘാടനം ചെയ്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് ഹർഷ വർദ്ധൻ പറഞ്ഞു.
രണ്ട് ഭാഗങ്ങളായാണ് മുന്നാം ഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഭാഗം ഈ മാസം 22 നും, രണ്ടാം ഭാഗം മാർച്ച് 22 നുമാണ് ആരംഭിക്കുക. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250 ജില്ലകളിലാണ് മൂന്നാം ഘട്ടം നടപ്പാക്കുന്നത്.
പരിപാടിയുടെ ഭാഗമായുള്ള മിഷൻ ഇന്ദ്രധനുഷ് 3.0 പോർട്ടലിന്റെ ഉദ്ഘാടനവും ഹർഷ വർദ്ധൻ നിർവ്വഹിച്ചു. പരിപാടിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച വിവരം ഹർഷ വർദ്ധൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 2014 ഡിസംബറിലാണ് കേന്ദ്രസർക്കാർ മിഷൻ ഇന്ദ്രധനുഷിന് തുടക്കം കുറിച്ചത്.