സർക്കാരിൻ്റെ കടൽക്കരാർ; സംസ്ഥാനത്ത് 27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകൾ. അന്നേദിവസം ഹാർബറുകൾ സ്തംഭിപ്പിക്കും. ആഴക്കടൽ മത്സ്യ ബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. തിങ്കളാഴ്ച ഫിഷറിസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.

അതേസമയം പതിവ് സർക്കാർ ശൈലിയിൽ ഫിഷറീസ് മന്ത്രിയും സംഭവത്തിൽ കൈമലർത്തി. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താൻ ചർച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച്‌ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ല.

ന്യൂയോർക്കിൽ വെച്ച്‌ ആരെയും കണ്ടിട്ടുമില്ല, ആരുമായും ചർച്ച നടത്തിയിട്ടുമില്ലെന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്. ചർച്ചയിലല്ല, നയത്തിൽ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങൾ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചർച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്. ആ നയത്തിൽ നിന്നും അണുവിട വ്യതിചലിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു.