കോഴിക്കോട്: സംസ്ഥാനത്ത് പ്രതിഛായ മെച്ചപ്പെടുത്താൻ ബിജെപി തിരക്കിട്ട നീക്കം നടത്തുന്നതിനിടെ മൽസരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ ബി ജെപിക്ക് വീണ്ടും തലവേദനയാകുന്നു. ശോഭയുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാൻ വി. മുരളീധരൻ പക്ഷം കാര്യമായ ശ്രമം നടത്താത്തതിനാലാണ് ഏഴു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശോഭ ഇത്തവണ വിട്ടുനിൽക്കുന്നത്.
പാർട്ടിയുടെ കോർകമ്മിറ്റിയിലുൾപ്പെടുത്താനും എതിർപക്ഷം തയാറായിട്ടില്ല. അർഹമായ പരിഗണനയില്ലെങ്കിൽ ശോഭ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട്ചെയ്തിരുന്നു. ഒരു വർഷമായി വിട്ടുനിൽക്കുന്നതിനാൽ പാർട്ടിയുമായി അകൽച്ച വർധിക്കുന്നതും അങ്കത്തിൽനിന്ന് പിന്മാറാൻ കാരണമായി. കോർകമ്മിറ്റി സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ ഇനി കിട്ടില്ലെന്ന സൂചനയുമുണ്ട്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ്റെ വിജയ യാത്രയിലും ശോഭ സുരേന്ദ്രൻ പങ്കെടുക്കാനിടയില്ല. യുഡിഎഫ് അടക്കം സീറ്റ് ചർച്ചകൾ തുടങ്ങാനിരിക്കേ വരും ആഴ്ചകളിലെ ശോഭയുടെ നീക്കങ്ങളും നിർണായകമാവും. സെക്രട്ടറിയറ്റിനു മുന്നിൽ ഒറ്റക്ക് സമരം നടത്തുന്ന ശോഭയുടെ നടപടിയും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിനെ പുർണമായും സമ്മർദത്തിലാക്കുന്ന പി.എസ്.സി ഉദ്യേഗാർഥികളുടെ സമരം യുഡിഎഫ് ഏറ്റെടുത്തത് കെ. സുരേന്ദ്രൻ്റെ പരാജയത്തിൻ്റെ ലക്ഷണമാണെന്നാണ് ശോഭ പക്ഷത്തിൻ്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾ സമരസ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, യുവമോർച്ചയുടെ സെക്രട്ടറിയറ്റ് മാർച്ചുകളല്ലാതെ കൃത്യമായ സമരരീതി ബിജെപിക്കില്ലായിരുന്നു. വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന യുവമോർച്ച, മഹിളമോർച്ച മാർച്ചുകൾ മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്. കോൺഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യമുള്ളതിനാലാണ് ബിജെപി ഔദ്യോഗിക പക്ഷം നിർണായക സമരത്തിനെത്താത്തതെന്ന ആരോപണവുമുയരുകയാണ്.
സിപിഎമ്മുമായി ബി ജെ പി ക്ക് രഹസ്യധാരണയുണ്ടെന്നാണ് ശോഭ പക്ഷത്തിൻ്റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് ഇരു പാർട്ടികളുടെയും ഇപ്പോഴത്തെ നിലപാടുകളെന്ന് ശോഭ പക്ഷം കുറ്റപ്പെടുത്തുന്നു. ഈ ധാരണ ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും ഇവർ പറയുന്നു.