ക്യാപ്​റ്റന്‍ സതീഷ്​ ശര്‍മയുടെ ശവമഞ്ചമേന്തി​ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്​റ്റന്‍ സതീഷ്​ ശര്‍മക്ക്​ ആദരാഞ്ജലികളര്‍പ്പിച്ച്‌​ കോണ്‍ഗ്രസ്​. ‘ക്യാപ്റ്റന്‍ സതീഷ്​ ശര്‍മക്ക്​ ആദരാഞ്​ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും’ കോണ്‍ഗ്രസ്​ പാര്‍ട്ടി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ്​​ ചെയ്​തു.

രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ അന്തിമകര്‍മങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്ന്​ നടന്നുനീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ്​ പാര്‍ട്ടി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്​.

രാജീവ്​ ഗാന്ധിയുടെ അടുത്ത സുഹൃത്ത്​ കൂടിയായിരുന്ന സതീഷ്​ ശര്‍മ രാഹുലിന്റെ ആദ്യകാല രാഷ്​ട്രീയ ഗുരുക്കന്‍മാരില്‍ ഒരാളായിരുന്നു. ‘ക്യാപ്​റ്റന്‍ സതീഷ്​ ശര്‍മയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സ്​നേഹവും അനുശോചനവും അറിയിക്കുന്നു. ഞങ്ങള്‍ക്ക്​ അദ്ദേഹം ഒരു തീരാനഷ്​ടമാണ്​’ -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഫെബ്രുവരി 17ന്​ അന്തരിച്ച സതീഷ്​ ശര്‍മക്ക്​ 73 വയസായിരുന്നു.
കണ്ണീരോടെ വണങ്ങുന്ന പ്രിയങ്കാ ഗാന്ധിയെയും ചിത്രങ്ങളിൽ കാണാം. 1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ ലോക്സഭയിൽ നിന്നും മൂന്നു തവണ രാജ്യസഭയിൽ നിന്നുമായി ആറു തവണ പാർലമെന്റംഗമായി.

എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983 ൽ രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽ നിന്നാണ് ലോക്സഭാ എംപിയായത്.