തിരുവനന്തപുരം: സെക്രട്ടറയേറ്റ് നടയിൽ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിനു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിർദേശം. ഉദ്യോഗാർഥികളുമായി മന്ത്രിതല ചർച്ച നടത്തണം. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തണമെന്നും വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയേറ്റ് യോഗം നിർദേശിച്ചു.
ഉദ്യോഗാർഥികളുമായി ചർച്ച നടത്തില്ലെന്ന തീരുമാനം തെറ്റിധാരണയുണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. യുവാക്കൾക്കു ജോലി ലഭിക്കുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെങ്കിലും പ്രതിപക്ഷം മനപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ചർച്ച നടത്തേണ്ട മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. സിപിഎം സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാർ തയാറാകുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്.
ഉദ്യോഗാർഥികളാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടതെന്നായിരുന്നു സർക്കാരിന്റെ നിലപാട്. സമരം അവസാനിപ്പിക്കാൻ അതിനു നേതൃത്വം കൊടുക്കേണ്ടവരാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. സർക്കാർ ചർച്ചയ്ക്കു വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ആരു പരാതി ഉന്നയിച്ചാലും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചർച്ചയ്ക്കുള്ള സിപിഎം നിലപാട് ഉദ്യോഗാർഥികൾ സ്വാഗതം ചെയ്തു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കുണ്ടെന്നും സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച ഗവർണറെ കണ്ടു നിവേദനം നൽകി. ശോഭ സുരേന്ദ്രനും ഉദ്യോഗാർഥികൾക്കൊപ്പമുണ്ടായിരുന്നു.