കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ച കൊച്ചിയിലെ എന്‍ഐഎ പ്രത്യേകകോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിചാരണ കോടതിയുടെ ജാമ്യ ഉത്തരവില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അനുവദിച്ച ജാമ്യ ഉത്തരവില്‍ ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉപാധികളുടെ ലംഘനമുണ്ടായാല്‍ വിചാരണകോടതിയെ അന്വേഷണ ഏജന്‍സിക്ക് ജാമ്യം റദ്ദാക്കുന്നതിനു സമീപിക്കാവുന്നതാണ്. ജാമ്യം അനുവദിച്ചതിലൂടെ അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊന്നും ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിചാരണയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനു വ്യവസ്ഥകള്‍ വച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഹൈക്കോടതി വിചാരണ കോടതിയുടെ ജാമ്യ ഉത്തരവില്‍ ഇടപെടാത്തത്. പ്രതികള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിനു തെളിവില്ലെന്ന വിചാരണകോടതിയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇതുസംബന്ധിച്ചു അന്വേഷണം തുടരാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സെയ്തലവി, പി.ടി.അബ്ദു, ഹംജദ് അലി, അബ്ദുള്‍ ഹമീദ്, സി.വിജിഫ്‌സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കാണ് വിചാരണകോടതി കഴിഞ്ഞ ഒകേ്ടാബറില്‍ ജാമ്യം അനുവദിച്ചത്. കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷയിലുള്ള അപ്പീലും കോടതി തള്ളി. ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുകയാണെന്നു കോടതി കണ്ടെത്തി. കേസ് ഡയറിയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കത്തക്ക രീതിയിലുള്ള ആരോപണങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
വിചാരണകോടതി ഒരു സാധാരണ സ്വര്‍ണക്കടത്ത് കേസുപോലെ കണ്ടാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നു എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നതിനോ, സ്വര്‍ണക്കടത്തില്‍ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിനോ മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് വിചാരണകോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. യു.എ.പി.എ കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ വ്യവസ്ഥയില്ലെന്നും തെളിവുകള്‍ വേണ്ടവിധം പരിശോധിക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു എന്‍.ഐ.എയുടെ വാദം.