പാലാ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാര ജേതാവുകൂടിയായിരുന്നു ഐസക് തോമസ് കൊട്ടുകാപ്പള്ളി. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ അരങ്ങേറുന്നത്.
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010 ൽ ദേശീയ അവാർഡിനർഹനായി. കുട്ടിസ്രാങ്ക്, മാർഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. നാലുതവണ സംസ്ഥാന അവാർഡും നേടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്.
മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രേഡും പാസായി.
ഷാജി എൻ കരുണ്‍ സംവിധാനം ചെയ്‍ത സ്വം എന്ന സിനിമയ്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വഹിച്ച് 1994ലാണ് ഐസക് തോമസ് കൊട്ടുകാപള്ളി സിനിമയുടെ ഭാഗമാകുന്നത്. ഗിരീഷ് കാസറവള്ളിയുടെ തായ് സഹേബ എന്ന കന്നഡ ചിത്രത്തിന്റെ സംഗീത സംവിധായകനായും പശ്ചാത്തല സംഗീതം ചെയ്‍തും ശ്രദ്ധേയനായി.
അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്‍താപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്.