ശരത് പവാറിന് കേരളത്തിൽ ഒരേ സമയം രണ്ടു പാർട്ടി ; ഏതു മുന്നണി വന്നാലും പവാറിൻ്റെ പവർ കുറയില്ല; കേരള എൻസിപി ഉടൻ

ഉണ്ണിക്കുറുപ്പ്

കോട്ടയം: മാണി സി കാപ്പൻ്റെ നീക്കങ്ങൾ ശരദ് പവാറിൻ്റെ പൂർണ സമ്മതത്തോടെയെന്ന് വ്യക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനായ ശരത് പവാറിന് കേരളത്തിൽ ഒരേ സമയം രണ്ടു പാർട്ടി. ഒന്ന് എൻ സി പി യുടെ കേരള ഘടകം. മറ്റൊന്ന് തൻ്റെ പ്രിയങ്കരനായ ശിഷ്യൻ മാണി സി കാപ്പൻ രൂപികരിക്കാൻ പോകുന്ന പാർട്ടിയും.

പവാറിൻ്റെ അനുവാദത്തോടെയാണ് കാപ്പൻ എൻസിപി ക്ക് പുറത്ത് ചാടിയത്. അയോഗ്യത വരാതിരിക്കാൻ കാപ്പൻ്റെ അഭ്യർഥന മാനിച്ച് പാർട്ടി പുറത്താക്കുകയും ചെയ്തു. ഇതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തോടും കോൺഗ്രസിനോടും പവാർ പുലർത്തുന്ന ബന്ധം ഉലച്ചിലില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ചാണക്യ തന്ത്രത്തിനായി.

പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷവും എൻസിപി ദേശീയ നേതൃത്വം മാണി സി കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന പുറത്തുവന്നിരുന്നു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാർട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി. യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങൾക്ക് ശരത് പവാറിന്റെ പിന്തുണ ഇതോടെ പ്രകടമാണ്.

യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാർട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പൻ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമർപ്പിച്ചതായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് മാണി സി കാപ്പൻ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എൻസിപി ദേശീയ നേതൃത്വത്തിന്റെ അറിയിപ്പുണ്ടായത്.

ചുരുക്കത്തിൽ കേരളത്തിൽ ഏതു മുന്നണി അധികാരത്തിൽ വന്നാലും പവാറിന് സ്വാധീനവുണ്ടാകും. യുഡിഎഫും മാണി സി കാപ്പനും വിജയിച്ചാൽ കാപ്പൻ പുതുതായി രൂപീകരിക്കുന്ന പാർട്ടിയിലേക്ക് ശശീന്ദ്രൻ ഒഴികെയുള്ള നേതാക്കളും എത്തും.

അതേസമയം ഈ മാസം തന്നെ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. കേരള എൻസിപി എന്നായിരിക്കും പാർട്ടിയുടെ പേരെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാർട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകൾ പ്രതീക്ഷിക്കുന്നതായും കാപ്പൻ പറഞ്ഞു.

22 ന് തിരുവനന്തപുരത്ത് ചർച്ച നടത്തുന്നുണ്ടെന്നും ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ട് . കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പൻ അറിയിച്ചു. യുഡിഎഫിന് മുന്നിൽ കാപ്പൻ ഏറെ ഡിമാൻ്റുകൾ വയ്ക്കില്ലെന്നാണ് സൂചന.