തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് എഐസിസി ഈ മാസം 22ന് കൺട്രോൾ റൂം തുറക്കുന്നു. ഇതോടൊപ്പം സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ ഭാഗമായി വാർ റൂമിൻ്റെയും പ്രവർത്തനം ഉടൻ ആരംഭിക്കും. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവറിനും, സെക്രട്ടറിമാർക്കും തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറക്കുന്നത്.
എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥൻ , ഇവാൻ ഡിസൂസ, പി.വി മോഹൻ എന്നിവർ മൂന്ന് മേഖലകളായി കൺട്രോൾ തിരിച്ച് റൂമിലിരുന്നാകും പ്രചാരണങ്ങളെ നിയന്ത്രിക്കുക. മുൻകാലങ്ങളിൽ എഐസിസി പ്രതിനിധികൾ ഡെൽഹിയിൽ നിന്നായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇത്തവണ നേതാക്കൾ കേരളത്തിൽ ക്യാംപ് ചെയ്യുന്നതിനാൽ ജില്ലകളുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും.
എഐസിസി കൺട്രോൾ റൂമിനൊപ്പം വാർ റൂമിൻ്റെയും പ്രവർത്തനം ഉടൻ തുടങ്ങുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണത്തിനാണ് വാർ റൂം ആരംഭിക്കുന്നത്. എഐസിസി നേതൃത്വം വാർ റൂമിൻ്റെയും പ്രവർത്തനം നിരീക്ഷിക്കും. തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും കോഴിക്കോടും വാർ റൂം സജ്ജീകരിക്കാനും പദ്ധതിയുണ്ട്. കെപിസിസി സോഷ്യൽ മീഡിയ വിഭാഗത്തിനാണ് വാർ റൂമിൻ്റെ ചുമതല.
സോഷ്യൽ മീഡിയ സെൽ ഓരോ ജില്ലകളിലെയും മൂന്ന് പ്രവർത്തകർക്ക് വീതം പരിശീലനം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ എഐസിസി യുടെ നിർദ്ദേശപ്രകാരമാകും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഏകോപിപ്പിക്കുക. കൺട്രോൾ റൂമിൻ്റെയും വാർ റൂമിൻ്റെയും നിയന്ത്രണം എഐസിസി ഏറ്റെടുക്കുന്നതോടെ ഇത്തവണ ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.