തലസ്ഥാന സംഘർഷഭരിതം; സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സർക്കാരിൻ്റെ പിൻവാതിൽ നിയമനവിവാദത്തിൽ തലസ്ഥാന നഗരം സംഘർഷഭരിതം. വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം.

സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റിന് മുന്നിലാണ് യുവമോർച്ച പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ ആദ്യം റോഡ് ഉപരോധിച്ചു. തുടർന്ന് സെക്രട്ടറിയേറ്റിന്റെ ഗേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ബാരിക്കേഡുകൾ തള്ളിനീക്കാൻ ശ്രമിക്കുകയും ച്യ്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ് തുടർച്ചയായി ഏഴോളം തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിൻവാങ്ങിയില്ല. തുടർന്ന് പോലീസ് ഗ്രനേഡ് ഷെല്ലുകൾ പ്രയോഗിച്ചു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റാൻ പോലീസ് ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവർത്തകരോട് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാൻ പ്രവർത്തകർ തയ്യാറായില്ല. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സെക്രട്ടറിയേറ്റിന്റെ മറ്റൊരുഭാഗത്ത് യൂത്ത്‌കോൺഗ്രസ് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് റാലിയും നടത്തി. പിഎസ്‌സി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തലസ്ഥാനത്ത് പിഎസ് സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കെഎസ് യു പ്രവർത്തകർ പിഎസ് സി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.

ഇവർ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി റീത്ത് വെച്ച് പ്രതിഷേധിച്ചു. തുടർന്ന് ഓഫീസിലേക്ക് തളളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ചില പ്രവർത്തകർ മതിലിനുമുകളിൽ ചാടിക്കയറി കരിങ്കൊടി വീശി. കുറേ പ്രവർത്തകർ റോഡിൽ നിരന്നുകിടന്നു. തുടർന്ന് പോലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷാവസ്ഥ കണക്കിലെടുക്ക് വൻ പോലീസ്‌ സന്നാഹം സെക്രട്ടറിയേറ്റിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.