ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി: ഡോളർ കടത്ത് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെ തുടർന്നാണ് പ്രിവന്റീവ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിൽ സന്തോഷ് ഈപ്പന്‍റെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ്.

സന്തോഷ് ഈപ്പനെതിരെ നിരവധി തെളിവുകളും കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഉടൻ കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസിൽ സ്വപ്ന, സരിത്, എം ശിവശങ്കർ, ഖാലിദ് എന്നിവരാണ് മുഖ്യ പ്രതികൾ.

യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നൽകുന്നതിനായി വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന നിർമ്മാണ കരാർ നേടിയെടുത്ത സന്തോഷ് ഈപ്പൻ കരിഞ്ചന്തയിൽ ഡോളർ വാങ്ങിയതായി സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. ലൈഫ് മിഷനിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്.