ന്യൂഡെല്‍ഹി: രാജ്യത്ത് ജനിതക മാറ്റം വന്ന മൂന്ന് കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെ വകഭേദത്തിനൊപ്പം ദക്ഷിണാഫ്രിക്ക, ബ്രസീലിയന്‍ വകഭേദങ്ങള്‍ കൂടിയാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേരിലും ബ്രസീല്‍ വകഭേദം ഒരാളിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചു പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗം ബാധിച്ചവരെല്ലാം വിദേശത്തുനിന്നും എത്തിയവരാണ്.ദക്ഷിണാഫ്രിക്കന്‍ വകഭേദം ലോകത്ത് ഇതുവരെ യുഎസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീലിയന്‍ വകഭേദം ഒന്‍പത് രാജ്യങ്ങളിലും എത്തപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 187 പേരിലാണ് യുകെ വകഭേദം കണ്ടെത്തിയത്. ഇവരെയും ഇവരുടെ സമ്പര്‍ക്കത്തില്‍ എത്തിയവരേയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയും ചെയ്തു.കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കുന്നു. വാക്സിനുകള്‍ ഈ രോഗികള്‍ക്ക് ഫലപ്രദമാകില്ല.
അതേസമയം രാജ്യത്തെ കൊറോണ കേസുകളിള്‍ കേരളം രണ്ടാമതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ രോഗ ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതോടെ ഇരു സംസ്ഥാനങ്ങളും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം.