ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് അറസ്റ്റിലായ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധുവിൻ്റെ കസ്റ്റഡി കാലാവധി ഈ മാസം 23 വരെ നീട്ടി. ഡെൽഹി കോടതിയാണ് ദീപ് സിദ്ധുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. സംഘർഷങ്ങൾക്ക് പിന്നാലെ ഒളിവിലായിരുന്ന സിദ്ധു ഫെബ്രുവരി ഒൻപതിനാണ് അറസ്റ്റിലാകുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ സിദ്ധുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് ചെങ്കോട്ടയിൽ കടന്ന് ഖാലിസ്താൻ പതാക ഉയർത്തിയത്. സിദ്ദുവിനൊപ്പം പ്രതിചേർക്കപ്പെട്ട ജുഗ്‌രാജ് സിങ്ങിനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ചണ്ഡീഗഡിനും, അംബാലയ്ക്കുമിടയിലുള്ള സിറക്പൂർ പ്രദേശത്ത് നിന്നാണ് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ സിദ്ധുവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ദീപ് സിദ്ധുവിനെ ചെങ്കോട്ടയിലെത്തിച്ച് ഡെൽഹി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഓഗസ്റ്റിലായിരുന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയിൽ സമരം ആരംഭിച്ചത്. നവംബറിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ധു ഡെൽഹിയിലെത്തുകയായിരുന്നു.