ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷ പാര്‍ട്ടികൾ സാന്നിധ്യം ശക്തമാക്കുന്നു. കര്‍ഷക പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കിസാന്‍ മഹാപഞ്ചായത്തുകളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സജീവമാകുകയാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ അഞ്ച് കര്‍ഷക കൂട്ടായ്മകളിലാണ് പങ്കെടുത്തത്. അജ്മീറില്‍ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ കര്‍ഷകരെ നേരില്‍ക്കണ്ട് പിന്തുണ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ കിസാന്‍ മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്യാന്‍ തയാറെടുക്കുന്നത്. ഈമാസം 28ന് ഉത്തര്‍പ്രദേശ് മീററ്റിലെ കര്‍ഷകരെ കേജ്രിവാള്‍ നേരിട്ട് കാണും.
അതേസമയം, കര്‍ഷക സമരം ശക്തിപ്പെടുത്താന്‍ പണവും മദ്യവും പച്ചക്കറിയും സംഭാവന ചെയ്യണമെന്ന ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വിദ്യ ദേവിയുടെ ആഹ്വാനം വിവാദമായി. ജിന്‍ഡിലെ യോഗത്തിനിടെയാണ് പരാമര്‍ശമുണ്ടായത്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു.