തിരുവനന്തപുരം: സർവ്വകലാശാലാ ചട്ടങ്ങളും സുപ്രീംകോടതിവിധിയും മറികടന്ന് കോളേജ് അധ്യാപക നിയമനത്തിലും ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ അനധികൃത ഇടപെടൽ. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻഭാഷാ അധ്യാപകനും പ്രിൻസിപ്പലുമായ ദാസപ്പനെ ചട്ടവിരുദ്ധമായി ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കുന്നതിന് അനുമതി നൽകാനാണ് മന്ത്രി കേരളസർവ്വ കലാശാലയ്ക്കും വിദ്യാഭ്യാസഡയറക്ടർക്കും നിർദ്ദേശം നൽകി യിരിക്കുന്നത്. മന്ത്രിയുടെ സുഹൃത്തിൻ്റെ മകൾക്ക് കോമേഴ്സ് അദ്ധ്യാപക നിയമനം നൽകിയതിന് പ്രത്യുപകാരമായാണ് മന്ത്രിയുടെ ഈ നിർദേശമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിയമനം അംഗീകരിക്കുന്നതിന് വേണ്ടി സർവകലാശാലയുടെയും, , കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയാണ് മന്ത്രി നിർദ്ദേശം നൽകിയത്. അപേക്ഷകനായ പ്രിൻസിപ്പലിന്റെ കൂടി സാന്നിധ്യത്തിലാണ് മന്ത്രി ഉന്നതതലയോഗം വിളിച്ചു ചേർത്തത്. യോഗ മിനുട്സിൽ അപേക്ഷകനും ഒപ്പുവച്ചിട്ടുണ്ട്.
ചട്ടപ്രകാരം തള്ളിക്കളഞ്ഞ അപേക്ഷ മന്ത്രിയുടെ നിർദ്ദേശപ്രകാരം പുന:പരിശോധിക്കാൻ വൈസ് ചാൻസലർ നാളെ കൂടുന്ന സിൻഡിക്കേറ്റിന്റെ പരിഗണയ്‌ക്ക് സമർപ്പിച്ചിരിക്കുകയാണ്. യു ജിസി ചട്ടപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ ഒരു വിഷയത്തിൽ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലെന്ന് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യുട്ട് അനുശാസിക്കുന്നു.
സുപ്രീംകോടതിയുടെ വിധികൂടി ചൂണ്ടികാണിച്ച് സർവ്വകലാശാല തള്ളിക്കളഞ്ഞ അപേക്ഷ പുനപരിശോധിക്കാനാണ് മന്ത്രി ഇപ്പോൾ വിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് അനുവദിച്ചാൽ സൗകര്യപ്രദമായ വിഷയങ്ങളിൽ നിയമനങ്ങൾ നടത്തുന്നതിന് നിരവധി അധ്യാപകരെ വിഷയം
മാറ്റി നിയമിക്കാനുള്ള സാദ്ധ്യതകൾ വർധിക്കുമെന്ന് ചൂണ്ടി. കാണിക്കപ്പെടുന്നു. ഇത് ചട്ടപ്രകാരം രൂപീകരിക്കു ന്ന സെലക്ഷൻ കമ്മിറ്റകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കും.
മന്ത്രിയുടെ ശക്തമായ ഇടപെടലിനെതുടർന്ന് , കോളേജ് മാനേജ്മെന്റിന്റെ കമ്മ്യൂണിറ്റിയിൽപെട്ട അർഹനായ അപേക്ഷകനെ ഒഴിവാക്കി മറ്റൊരു കമ്മ്യൂണിറ്റിയിൽ പെട്ട തിരുവനന്തപുരത്തെ ഒരു വ്യവസായിയുടെ മകൾക്ക് കോമേഴ്സ് വകുപ്പിൽ അധ്യാപികയായി ജോലി നൽകിയിരുന്നു. 55 വർഷത്തെ കോളജിൻ്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലിം സമുദായത്തിലെ ഒരാൾക്ക് നിയമനം നൽകുന്നതിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു. സംഭാവന സ്വീകരിക്കാതെ നിയമനം നൽകിയതും വിവാദമായിരുന്നു.
ഇതിന് പ്രത്യുപകാരമായി ഇപ്പോഴത്തെ അധ്യാപക നിയമനം അംഗീകരിക്കണമെന്ന മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശം വിവാദമായിക്കഴിഞ്ഞു. സർവ്വകലാശാല ഭരണത്തിലും മാർക്ക് ദാനങ്ങളിലുമുള്ള മന്ത്രിയുടെ ഇടപെടലുകളിൽ ഗവർണർ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചട്ടവിരുദ്ധമായ കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വൈസ് ചാൻസലർക്ക് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
ചട്ടവിരുദ്ധമായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. വഴിവിട്ട നിയമനങ്ങൾ നടപ്പാക്കാൻ മന്ത്രി നടത്തുന്ന നീക്കം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി
ഷാജിർഖാനും ആവശ്യപ്പെട്ടു.