മാണി സി കാപ്പൻ ഒന്നുകിൽ കോൺഗ്രസിൽ ചേരുക; അല്ലെങ്കിൽ യുഡിഎഫ് സ്ഥാനാർഥി; ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്തില്ല; നിലപാടറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: മാണി സി കാപ്പനെ ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ്. എന്‍സിപി ഇടതുമുന്നണി വിട്ടുവരികയാണെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാണ് കോൺഗ്രസും യുഡിഎഫും ആലോചിച്ചിരുന്നത്. എന്നാൽ കേന്ദ്രനേതൃത്വം ശശീന്ദ്രൻ വിഭാഗത്തിന് അംഗീകാരം നൽകുകയും ചെയ്തതോടെ കോൺഗ്രസിലും മുന്നണിയിലും ചില എതിർപ്പുകൾ തലപൊക്കിയിട്ടുണ്ട്. എതിര്‍പ്പുണ്ടായിരുന്നില്ല.

മാണി സി കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യുഡിഎഫിലേക്കെത്തിയതെന്നതിനാല്‍, പാര്‍ട്ടിയെന്ന നിലയില്‍ മുന്നണിയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നതായാണ് സൂചന. അതുകൊണ്ട് തന്നെ കാപ്പന് കോണ്‍ഗ്രസ് അംഗത്വംനല്‍കി പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മത്സരിക്കാം.

പ്രത്യേക കക്ഷിയായി മുന്നണിയിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ വീണ്ടും എന്‍സിപികള്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ നഷ്ടം യുഡിഎഫിനാകുമെന്ന വസ്തുത നിലനിര്‍ത്തിയാണ് തീരുമാനം. ഈ വിലയിരുത്തലാണ് കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വത്തെയെത്തിച്ചത്. മാത്രമല്ല കാപ്പനൊപ്പം ജനപിന്തുണയും സ്വീകാര്യതയുമുള്ള നേതാക്കൾ കുറവാണ് താനും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരോ സീറ്റിലും വളരെ ശ്രദ്ധയോടെ സ്ഥാനാർഥി നിർണയം നടത്തണമെന്നാണ് യുഡിഎഫിലെ ധാരണ.

‘എന്‍.സി.പി. കേരള’ എന്നനിലയില്‍ പുതിയ പാര്‍ട്ടി രൂപവൽകരിക്കുന്നതിനുള്ള ശ്രമം കാപ്പന്‍ നടത്തുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശരിവെച്ച് ഡെല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.