കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്കു ആറു കോടി ഡോളര്‍ കടത്തി.
കോണ്‍സുലേറ്റ് ജനറല്‍, അഡ്മിന്‍ അറ്റാഷെ, ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി എന്നിവര്‍വഴിയാണു ഡോളര്‍ കടത്തിയത്. വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളര്‍ അടക്കം ഡോളര്‍ നല്‍കിയതില്‍ അഞ്ചാംപ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പനു അറിവും പങ്കുമുണ്ടെന്നാണു അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതുസംബന്ധിച്ചു പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ മൊഴിയുണ്ട്.
ഒടുവില്‍ നടന്ന ചോദ്യംചെയ്യലില്‍ സന്തോഷ് ഈപ്പനും ഇക്കാര്യം സമ്മതിച്ചെന്നാണു സൂചന. സെയ്ന്‍ വെഞ്ചേഴ്‌സ് ഉടമ വിനോദിനും ഇതേപ്പറ്റി അറിയാമായിരുന്നു. സ്വപ്ന നല്‍കിയ രഹസ്യമൊഴിയിലും ആറുകോടി കടത്തിയതു സമ്മതിച്ചതായാണു വിവരം. ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ലൈഫ് മിഷന്‍ ഇടപാടില്‍ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷ് ഈപ്പന്‍ ആണെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പനെ ജാമ്യത്തില്‍ വിട്ടു. ഡോളര്‍ കടത്തില്‍ വൈകാതെ കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നതിന്റെ ഭാഗമായാണു സന്തോഷിനെ പ്രതിചേര്‍ത്തത്. വൈകാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്നും കസ്റ്റംസ് മൊഴിയെടുക്കുമെന്നാണു വിവരം.
ഡോളര്‍ കടത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണു വിവരം. ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്ന, സരിത്ത്, ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, എം.ശിവശങ്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ നേടിയെടുത്തതു യുണിടാക്കായിരുന്നു. ഈ ഇടപാടിലെ കമ്മിഷന്‍ തുകയില്‍ 1.90 കോടി ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ മുഖ്യ പങ്കുവഹിച്ചതു സന്തോഷ് ഈപ്പനാണു കസ്റ്റംസ് കണ്ടെത്തിയത്.
ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയില്‍ എത്തിച്ചു ഡോളറാക്കി മാറ്റിയതും കടത്താന്‍ സഹായം ചെയതതുമാണു സന്തോഷ് ഈപ്പനെതിരായ കുറ്റം. തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എറണാകുളം എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ശേഷം കര്‍ശന ഉപാധികളോടെയാണു ജാമ്യത്തില്‍ വിട്ടു.
അതേസമയം, ഡോളര്‍ വിദേശത്ത് കൈപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായിയും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദിനെയും സഹോദരനെയും എന്‍ഫോഴ്‌സ്‌ന്റെ് ഡയസക്ടറേറ്റ് (ഇ.ഡി) ഇന്നലെ വീണ്ടും ചോദ്യംചെയ്തു. സമന്‍സ് നല്‍കിയാണു ഇരുവരെയും വിളിച്ചുവരുത്തിയത്.
മസ്‌കറ്റില്‍ സ്വകാര്യകോളജ് നടത്തുന്ന ലഫീറിന്റെ ബംഗ്‌ളുരുവിലുള്ള ഓഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിരുന്നു. സ്പീക്കറുമായി അടുത്ത പരിചയം ഇവര്‍ക്കുണ്ട്. ഉന്നത രാഷ്ട്രിയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.
അതേസമയം സ്വര്‍ണകള്ളക്കടത്ത് റാക്കറ്റില്‍ നിന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. കോഴിക്കോട് മുക്കത്തിനടുത്തു വച്ചു കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുമിത് കുമാറിന്റെ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.