സ്ഥാനാർഥിയാകാൻ ഓൺ ലൈനിൽ അപേക്ഷിക്കാം; ഫീസ് വെറും 25000 രൂപ; കമൽഹാസൻ്റെ മക്കൾ നീതി മയ്യത്തിൻ്റെ നവീനരീതി

ചെന്നൈ: സ്ഥാനാർഥിയാകാൻ ഓൺ ലൈനിൽ അപേക്ഷിക്കാം. സ്ഥാനാർഥ്വത്തിന്​ സാധ്യതയുള്ളവർക്ക് ഫീസ് വെറും 25000 രൂപ മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കായി
കമൽഹാസൻ്റെ മക്കൾ നീതി മയ്യമാണ് ഈ നവീന പദ്ധതി. തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചത്. ഞായറാഴ്​ച മുതലാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​.

പാർട്ടി പ്രവർത്തകർക്കും അല്ലാത്തവർക്കും അപേക്ഷ നൽകാം. സ്ഥാനാർഥ്വത്തിന്​ സാധ്യതയുള്ളവർ പാർട്ടി ടിക്കറ്റിന്​ പരിഗണിക്കപ്പെടണമെങ്കിൽ​ 25000 രൂപ നൽകണമെന്നും മക്കൾ നീതി മയ്യം പറയുന്നു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. മക്കൾ നീതി മയ്യത്തിന്​ ബാറ്ററി ടോർച്ച്‌​ ചിഹ്​നം ലഭിച്ചതായി കമൽഹാസൻ അറിയിച്ചു.

കഴിഞ്ഞ മാസം വലത്​ കാലിൻ്റെ അസ്​ഥിക്ക്​ നടത്തിയ ശസ്​ത്രക്രിയക്ക്​ പിന്നാലെയുണ്ടായ നേരിയ അണുബാധയിൽ നിന്ന്​ മുക്തനായിക്കൊണ്ടിരിക്കുകയാണ്​ താരം. ‘തമിഴ്​നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക്​ ടോർച്ച്‌​ ലൈറ്റ്​ ചിഹ്​നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്​’ -കമൽഹാസൻ ട്വീറ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോർച്ച്‌​ ചിഹ്​നമായിരുന്നു കമലഹാസൻ്റെ പാർട്ടിക്ക്​ ലഭിച്ചത്​. 3.77 ശതമാനം വോട്ട്​ പങ്കാളിത്തമായിരുന്നു അന്ന്​ ലഭിച്ചത്​. ചില നഗര പ്രദേശങ്ങളിൽ 10 ശതമാനം വരെ വോട്ട്​ പങ്കാളിത്തം നേടിയിരുന്നു. തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്​ ഉൾപ്പെടെയുള്ള തന്ത്രങ്ങൾ കൈക്കൊള്ളാൻ സ്ഥിരം അധ്യക്ഷനായ കമൽഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.