ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയിരുന്നു.
അതേസമയം കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച നടൻ രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യനാണെന്ന് സുഹൃത്തും നടനുമായ ധർമജൻ ബോൾഗാട്ടി. ദീർഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കൾ തീരുമാനിക്കേണ്ട കാര്യമാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കാൻ താൻ തയാറാണെന്നും ധർമജൻ പറഞ്ഞു.
തന്നോടൊപ്പം പിഷാരടി കൂടി കോൺഗ്രസിലേക്ക് വരുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് കാര്യം മനസ്സിലാകും. വളരെ ആലോചിച്ചും ബുദ്ധിപൂർവവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി. എന്നും കോൺഗ്രസ് അനുഭാവിയായിരുന്നു. ഞങ്ങൾ തമ്മിൽ രാഷ്ട്രീയം സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇനിയും ഒരുപാടുപേർ കോൺഗ്രസിലേക്ക് വരുമെന്നും ധർമ്മജൻ പറഞ്ഞു.