ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരേ സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്. കൈമാറ്റം ചോദ്യം ചെയ്ത് എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയൻ നൽകിയ ഹർജി ഉൾപ്പടെ എല്ലാ ഹർജികളും രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വിമാനത്താവള കൈമാറ്റം ചോദ്യം ചെയ്ത് നവംബർ മൂന്നാം വാരമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി യു സിങ്ങും സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ രണ്ട് ആഴ്ചയ്ക്ക് ശേഷം എന്ന് ഹർജി പരിഗണിക്കും എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിക്ക് എതിരെ തങ്ങളും നവംബറിൽ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതെന്ന് എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന് വേണ്ടി ഹാജർ ആയ ഗോപാൽ ശങ്കരനാരായണനും അഭിഭാഷകൻ ശ്യാം മോഹനും ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ ഹർജി ഇന്ന് രജിസ്ട്രി ലിസ്റ്റ് ചെയ്തിട്ടിലെന്ന് ഇരുവരും ആരോപിച്ചു. പലപ്പോഴും ഹർജിക്കാർ കാരണം ആണ് ലിസ്റ്റിംഗ് വൈകുന്നത് എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വിമാനത്താവള കൈമാറ്റവും ആയി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാമെന്ന് വ്യക്തമാക്കിയ കോടതി കേസിലെ കക്ഷികൾ ആരും പ്രത്യേക നീക്കങ്ങൾ നടത്തിയില്ലെങ്കിൽ രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ ഒന്നും സംഭവിക്കില്ലെന്നും അഭിപ്രായപെട്ടു. ഇന്ന് മുതൽ രണ്ട് ആഴ്ചക്ക് ശേഷം ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും മാർച്ച് 16 നേ ഇനി കേസ് ലിസ്റ്റ് ചെയ്യുക എന്നാണ് സുപ്രീം കോടതി വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജൻ ആണ് കോടതി ഇന്ന് ഹാജർ ആയത്.