മുഖ്യമന്ത്രിയുടെ മകളിൽ നിന്നും ഓൺലൈൻ ഷോപ്പിംഗിലൂടെ പണം തട്ടിയ മൂന്ന് പേർ പിടിയിൽ

ന്യൂഡെൽഹി : ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. കെജ്‌രിവാളിന്റെ മകൾ ഹർഷിതയിൽ നിന്നും 34000 രൂപ തട്ടിയെടുത്ത കേസിലാണ് മൂന്ന് പേർ പിടിയിലായത്. ഒന്നാം പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഹർഷിത സെക്കന്റ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഓൺലൈനിലൂടെ സോഫ വാങ്ങിയ ആൾ ആദ്യഘട്ടത്തിൽ ചെറിയ തുക ഹർഷിതയുടെ അക്കൗണ്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

ഒരു ബാർക്കോട് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ബാർക്കോട് സ്‌കാൻ ചെയ്ത ഹർഷിതയുടെ അക്കൗണ്ടിൽ നിന്നും രണ്ട് തവണയായി പണം നഷ്ടമാകുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയുമാണ് നഷ്ടമായത്.