ലണ്ടൻ: കൊറോണ കാലം വന്നതോടെ പ്രവാസി തൊഴിലാളികളുടെ കൂട്ടപലായനമാണ് ഗൾഫ്‌രാജ്യങ്ങളിൽ ഉണ്ടാകുന്നത്. എണ്ണ ഇതര മേഖലയിലെ ഇടിവും തൊഴിൽ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളുമാണ് ഇതിന് കാരണം. എന്നാൽ, ജനസംഖ്യയിലുണ്ടായ കുറവ് ഗൾഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് റിപ്പോർട്ട്.
ഇത്തരത്തിൽ പ്രവാസികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തിന് ദീർഘകാല വെല്ലുവിളികൾ സൃഷ്ടിക്കും. ജിസിസിയിലെ ജനസംഖ്യയിൽ കഴിഞ്ഞ വർഷം നാല് ശതമാനം കുറവുണ്ടായതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ പങ്കാളിത്തത്തിൽ 2023ഓടെ കുറവുണ്ടാകും. കൊറോണ പ്രതിസന്ധിയും എണ്ണവിലയിലുണ്ടായ കുറവും മൂലം, ഗൾഫ് രാജ്യങ്ങളിൽ 2020ലുണ്ടായ പ്രവാസികളുടെ കൂട്ടപ്പലായനം തൊഴിൽ വിപണിയിൽ ദ്രുതഗതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2023 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ ജനസംഖ്യയിൽ മാനവിഭവ ശേഷി കാര്യമായി വർധിപ്പിക്കുകയും തൊഴിൽ വിപണിയിൽ പുരോഗതി ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ ജിസിസി രാജ്യങ്ങളിലെ ഉൽപ്പാദനക്ഷമത, വരുമാനം, സാമ്പത്തിക വൈവിധ്യവത്കരണം എന്നിവ ദീർഘകാലത്തേക്ക് സ്തംഭിക്കുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിങ്ങനെ ആറ് ജിസിസി രാജ്യങ്ങളും വ്യവസായ മേഖലയിൽ വിദേശ തൊഴിലാളികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽശക്തിയിൽ 90 ശതമാനവും വിദേശികളെയാണ് ആശ്രയിക്കുന്നതെന്ന് എസ് ആൻഡ് പി വ്യക്തമാക്കുന്നു.
എണ്ണ വിലയിലെ ഇടിവും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും, ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്ന സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കും ഇത് മൂലം സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചു. ഇതോടെ തൊഴിൽ വിസയിലെത്തിയ പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി.
മാനവവിഭവശേഷി വർധിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ നിലവിലെ മാറ്റങ്ങൾ തരണം ചെയ്തില്ലെങ്കിൽ ഗൾഫ് മേഖലയിലെ സമ്പദ് വ്യവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.