മാണി സി കാപ്പൻ്റെ പുതിയ പാർട്ടി ഉടൻ; എൻ സി പിയിൽ നിന്ന് കാപ്പനെ പുറത്താക്കി

കോട്ടയം: മാണി സി കാപ്പൻ്റെ പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ. പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു.പുതിയ പാർട്ടിക്ക് എൻസിപി കേരള, എൻസിപി യുപിഎ എന്നീ പേരുകൾക്കാണ് മുൻഗണന.

എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനെ തന്‍റെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും മാണി സി കാപ്പൻ നടത്തുന്നുണ്ട്. 22-ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.

സലിം പി മാത്യു, സുൾഫിക്കർ മയൂരി, ബാബു കാർത്തികേയൻ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്‍റ് സാജു എം ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷൻ ശരദ് പവാറിന് അയച്ചിട്ടുണ്ട്. കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 29-ന് മുമ്പ് വിവിധ ജില്ലകളിൽ വിളിച്ചു ചേർക്കാനാണ് തീരുമാനം.

അതേസമയം എൻ സി പിയിൽ നിന്ന് വിട്ട് യുഡിഎഫിനൊപ്പം ചേർന്ന മാണി സി കാപ്പനെ എൻ സി പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പുറത്താക്കൽ. മാണി സി കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന. കാപ്പന്‍റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാണി സി കാപ്പനും എത്തിയിരുന്നു. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കുമെന്നാണ് കാപ്പൻ്റെ വിശ്വാസം.

പാലാ സീറ്റിനെചൊല്ലി ഉണ്ടായ തർക്കങ്ങളാണ് എൻസിപി വിടാൻ കാപ്പനെ പ്രേരിപ്പിച്ചത്. ദേശീയ നേതൃത്വം തീരുമാനത്തെ എതിർക്കുന്നുണ്ടെങ്കിലും മനസ്സ് കൊണ്ട് അവർ തനിക്ക് ഒപ്പമാണെന്നായിരുന്നു കാപ്പന്റെ വിശദീകരണം.