വാഷിങ്ടൺ: കൊറോണ വൈറസ് നേരത്തേ പടർന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിന് മുൻപ് തന്നെ വൈറസ് പടർന്നിരിക്കാം. വൈറസിന് ഡിസംബറിൽ തന്നെ ജനിതക മാറ്റം സംഭവിച്ചിരുന്നു. വുഹാനിൽ പരിശോധന നടത്തിയ സംഘടനയുടെ വിദഗ്ധരെ ഉദ്ധരിച്ച് സിഎൻഎനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലെ വുഹാനിൽ അന്വേഷണം പൂർത്തിയാക്കിയത്. വൈറസിന് 2019 ഡിസംബറിൽ തന്നെ 13 ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നവെന്ന് സംഘം കണ്ടെത്തി. അതിൻ്റെ അർഥം ആ ഡിസംബറിന് മുൻപ് തന്നെ വൈറസ് വുഹാനിലെത്തിയിട്ടുണ്ട് എന്നാണെന്ന് വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘത്തിൻ്റെ തലവൻ പീറ്റർ ബെൻ എംബാരെക് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
വൈറസിൻ്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം സങ്കീർണമാക്കുന്നതാണ് ജനിതകമാറ്റം. വലിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ചൈനയിൽ അന്വേഷണം നടത്താൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾക്ക് അനുമതി നൽകിയിരുന്നത്. കൊറോണ പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്ന വാദം വിദഗ്ധ സംഘം തള്ളിയിരുന്നു.
വവ്വാലുകളിൽ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാം വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്.