“അവർ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു ” ; സമരത്തിനിടെ മരിച്ച കർഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷിമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ സമരം ചെയ്യുന്നതിനിടെ മരിച്ചുവീണ കർഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാൽ. ‘അവർ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരിൽ ആറ് മാസത്തിനിടയിൽ 200 പേർ മരിക്കില്ലേ? ചിലർക്ക് ഹൃദയാഘാതം വരും മറ്റ് ചിലർക്ക് പനിയും’, ദലാൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയുടെ ശരാശരി ആയുർദൈർഘ്യം എത്രയാണെന്നും ഒരു വർഷത്തിൽ രാജ്യത്ത് എത്ര പേർ മരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. ഡെൽഹിയിൽ മരിച്ച് വീണവർ ഏതെങ്കിലും അപകടത്തിൽപ്പെട്ട് മരിച്ചവരല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വിധി ചോദിച്ചുവാങ്ങിയതാണെന്നും ദലാൽ പറഞ്ഞു.

ഡെൽഹി അതിർത്തിയിൽ മരിച്ച് വീണ കർഷകരെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ദലാലിന്റെ വിചിത്രമായ മറുപടി. 200 ഓളം കർഷകരാണ് ഡെൽഹിയിൽ സമരത്തിനിടെ മരണപ്പെട്ടത്. കൊടും തണുപ്പിനെ വകവെക്കാതെയാണ് മാസങ്ങളായി കർഷകർ സമരം ചെയ്യുന്നത്.

വാർത്ത വിവാദമായതിന് പിന്നെ മന്ത്രി പരാമശത്തിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചാൽ താൻ ക്ഷമ ചോദിക്കുന്നു. ആരുടെയും മരണം വേദനിപ്പിക്കുന്നതാണ്. കർഷകരുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.