സമരം ശക്തമാക്കാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ; സെക്രട്ടേറിയറ്റ് പരിസരം സംഘർഷഭരിതമാകാൻ സാധ്യത

തിരുവനന്തപുരം: സമരം ശക്തമാക്കാൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ തീരുമാനിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം വരും ദിനങ്ങളിൽ കൂടുതൽ സംഘർഷഭരിതമാകാൻ സാദ്ധ്യത തെളിഞ്ഞു. സിവിൽ പൊലീസ് ഓഫീസർ റാങ്കുകാർ രക്ഷിതാക്കളെയും ബന്ധുക്കളെയും സമരപ്പന്തലിലെത്തിച്ച് പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.

എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലാസ്റ്റ് ഗ്രേഡ് റാങ്കുകാരും സമരമുഖത്തേക്ക് കൊണ്ടുവരും. ഇന്നും നാളെയും 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സമരക്കാർ പ്രമുഖനേതാക്കളുടെ പിന്തുണ തേടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരെ നേരിട്ടുള്ള ചർച്ച വേണ്ടെന്ന നിലപാടിലാണ് സർക്കാരെന്നും സൂചനയുണ്ട്. മന്ത്രി തോമസ് ഐസക് അവസാനവട്ട ശ്രമമെന്ന നിലയിൽ ചർച്ച നടത്തിയേക്കുമെന്നും അറിയുന്നു. ഇതിന് സ്ഥിരീകരണമില്ല.

പത്തോളം ആവശ്യങ്ങളാണ് റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ചത്. നാല് കാര്യങ്ങൾ അംഗീകരിക്കാൻ ചർച്ചയിൽ സർക്കാർ തയ്യാറായി. പ്രൊമോഷൻ വേഗത്തിലാക്കി നിയമനം നടത്തും, ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ മുഴുവൻ റിപ്പോർട്ട് ചെയ്യും, അപേക്ഷകരില്ലാതെ ആശ്രിത നിയമനത്തിനായി മാ​റ്റിവച്ചിരിക്കുന്ന എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കും എന്നീ ഉറപ്പുകളാണ് സമരക്കാർക്ക് നൽകിയത്.

ഇതുകൊണ്ട് പ്രയോജനമില്ലെന്നും നാമമാത്രമായ നിയമനങ്ങളാവും നടക്കുകയെന്നും സമരസമിതി നേതാവ് ലയ രാജേഷ് പറഞ്ഞു. ഒത്തുതീർപ്പിന് പരമാവധി ശ്രമിച്ചുസമരം ഒത്തുതീർപ്പാക്കാൻ പരമാവധി ശ്രമിച്ചതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. ലിസ്റ്റിന്റെ കാലാവധി കഴിയും മുമ്പേ പരമാവധി നിയമനങ്ങൾ നടത്താനുള്ള ക്രമീകരണം ചെയ്യാമെന്നാണ് ചർച്ചയിൽ വ്യക്തമാക്കിയത്.
അവരുടെ ആവശ്യങ്ങളിൽ പലതിനും പ്രായോഗികമായ തടസങ്ങളുണ്ട്. തസ്തിക സൃഷ്ടിക്കാനാണ് ആവശ്യപ്പെടുന്നത്. അത് പെട്ടെന്ന് സാദ്ധ്യമല്ല. ഇനി ചർച്ചയ്ക്ക് ഡിവൈഎഫ്ഐ മുൻകൈയെടുക്കില്ല.

അമ്മയും ഭാര്യയും സമരവേദിയിൽസിവിൽ പൊലീസ് ഓഫീസർ റാങ്കുകാർക്ക് ഐക്യദാർഢ്യമർപ്പിച്ച് മാതാപിതാക്കളും ബന്ധുക്കളും ഇന്നലെ സമരപ്പന്തലിലെത്തി.