പിഎസ് സി റാങ്ക് ഹോൾഡേഴ്സ് സമരം ; ഷാഫിപറമ്പിലും ശബരിനാഥും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം യൂത്തുകോൺഗ്രസ് ഏറ്റെടുത്തു. ഉദ്യോഗാർഥികളുടെ സമരപന്തൽ സന്ദർശിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ, ഉപാധ്യക്ഷൻ കെഎസ് ശബരിനാഥൻ എന്നിവർ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയിലാണ് സമരം ഏറ്റെടുത്ത് പ്രതിപക്ഷത്തെ മുഖ്യ യുവജന സംഘടന രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം സമരം ഒത്തുതീർപ്പിലാക്കാൻ ഇടതു യുവജന സംഘടന ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇന്നു യൂത്തുകോൺഗ്രസ് നേതാക്കൾ സമരപന്തലിലെത്തുകയും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിക്കുന്നതും.

ഉദ്യോഗാർത്ഥികളുടെ സമരം തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അതവസാനിപ്പിക്കാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. എന്നാൽ യൂത്ത് കോൺഗ്രസ് സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി മാറും. യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നതിനപ്പുറം ഇരുവരും എംഎൽഎമാരാണ്. സർക്കാരിന് അധിക ദിവസം സമരം കണ്ടില്ലെന്നു നടിക്കാനും ആകില്ല.

ഇത്ര ദിവസമുണ്ടായിരുന്നതിനെക്കാൾ മാധ്യമ ശ്രദ്ധയും എംഎൽഎമാരുടെ സമരത്തിനുണ്ടാകും. യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിൽ സർക്കാരും ഇടതുപക്ഷവും അമ്പരന്നിട്ടുമുണ്ട്. അതിനിടെ പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പിഎസ്‌സി ഉദ്യോഗാർത്ഥികൾ സമരം ശക്തമാക്കി.

പ്രതിഷേധക്കാറ്റ് കൊടുങ്കാറ്റാകുമ്പോഴും പിൻവാതിൽ അടക്കാൻ സർക്കാരും തയ്യാറായിട്ടില്ല. നൂറ് കണക്കിന് താൽകാലികക്കാരെ നിയമിക്കാൻ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ ഉദ്യോഗാർത്ഥികളും പിന്നോട്ടില്ല. ഇന്നും സെക്രട്ടറിയേറ്റിലേക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് നടപടിക്രമങ്ങൾ വേഗത്തിലാകുമ്പോൾ സെക്രട്ടറിയേറ്റ് പരിസരം സമരഭരിതമാണ്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവർ ശയനപ്രദക്ഷിണം നടത്തി. ഇതിനിടെ സമര നേതാവ് ലയ രാജെഷ് കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ കുഴഞ്ഞുവീണു. ലയയെ മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു.

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരുടെ സ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് തങ്ങളെ നിയമിക്കണമെന്നാണ് എൽജിഎസുകാരുടെ ആവശ്യം. ഇത് അപ്രായോഗികമെന്ന് സർക്കാർ വ്യക്തമായതോടെ ഇനി ചർച്ചക്കുള്ള സാഹചര്യവും അനിശ്ചിതത്വത്തിലായി. കാലാവധി പൂർത്തിയായ സിവിൽ പൊലീസ് പട്ടികയിലെ ഉദ്യോഗാർത്ഥികളുമായി ചർച്ചക്ക് പോലും സർക്കാർ തയ്യാറായിട്ടില്ല.