കേരളത്തിലെ പിന്‍വാതില്‍ നിയമന വിവാദം; ലോക്‌സഭയില്‍ ഉന്നയിച്ച്‌ എന്‍കെ പ്രേമചന്ദ്രന്‍

ന്യൂഡെല്‍ഹി: കേരളത്തിലെ പിന്‍വാതില്‍ നിയമന വിവാദം ലോക്‌സഭയില്‍ ഉന്നയിച്ച്‌ എന്‍കെ പ്രേമചന്ദ്രന്‍ എംപി. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും വിഷയത്തില്‍ നിയമ നിര്‍മാണം അനിവാര്യമാണെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിനൊപ്പം പശ്ചിമ ബം​ഗാളിലെ നിയമന വിവാദവും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.നിരവധി പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്ക് നിയമവിരുദ്ധമായി സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കുന്നു. കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ള നിരവധി പേര്‍ ആത്മഹത്യയുടെ വക്കിലാണ്.

കേരളത്തിലും ബം​ഗാളിലും സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിഎസ് സി റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ സര്‍ക്കാര്‍ സ്വന്തം താത്പര്യത്തിനനുസരിച്ച്‌ കരാര്‍ അടിസ്ഥാനത്തിലും താത്കാലിക ജീവനക്കാരെയും തസ്തികകളിലേക്ക് തിരുകി കയറ്റുകയാണ്.

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. പിഎസ് സിയെ നോക്കുകുത്തിയാക്കിയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിച്ച്‌ പിഎസ് സികളുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.