തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നതിനെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത. ഏപ്രില്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു. കോണ്‍ഗ്രസും ഏപ്രിലില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തു. തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. കേരളത്തില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിക്കിടെയാണ് കമ്മീഷന്‍ ആശങ്ക അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത്
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്. നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടികളെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ആശയവിനിമയം നടത്തും.