തിരുവനന്തപുരം: പി എസ് സിയുടെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ വ്യാപക ക്രമക്കേട്. രണ്ടര വർഷം മുമ്പ് പിഎസ് സി നടത്തിയ ഒഎംആർ പരീക്ഷയുടെ ലിസ്റ്റിലാണ് ക്രമക്കേടുകൾ നന്നതായി ആക്ഷേപം ഉയർന്നത്. ആഴ്ചകൾക്ക് മുമ്പാണ് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതും കട്ട് ഓഫ് ഇല്ലാതെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാധാരണ കട്ട് ഓഫ് മാർക്ക് അനുസരിച്ചാണ് പി എസ് സി ഒഎംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി പി എസ് സി കട്ട് ഓഫ് മാർക്ക് ഇല്ലാതെ ഒഎംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. 650 പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കായി ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്താനിരിക്കുകയാണ്.
ഒഎംആർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾ പത്രപ്രവർത്തന പരിചയം സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾ തന്നെ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും ചെയ്തു.
എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ പി എസ് സി നേരിട്ട് പരിശോധന നടത്തിയിരുന്നില്ല. ഉദ്യോഗാർത്ഥികളെ നേരിട്ട് വിളിച്ച് യഥാർത്ഥ സർട്ടിഫിക്കറ്റുകളുമായ് ഒത്തുനോക്കിയാണ് സാധാരണ പി എസ് സി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്.
ഇതുകൂടാതെ ഒഎംആർ പരീക്ഷ മികച്ച രീതിയിൽ എഴുതിയ നിരവധി ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. പി എസ് സിയുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് ഗസറ്റിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തതിനാൽ ഷോർട്ട് ലിസ്റ്റിൽ ഇടം ലഭിക്കാഞ്ഞതെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ ഗസറ്റിൽ പറഞ്ഞ യോഗ്യത ഉള്ളവരാണ് തങ്ങളെന്ന് അവകാശപ്പെട്ട് ഉദ്യോഗാർത്ഥികൾ വീണ്ടും പി എസ് സിയെ സമീപിച്ചു. അപ്പോഴും ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന് അറിയിച്ചുള്ള കത്താണ് പി എസ് സി നൽകിയത്.
പിന്നീട് പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പി എസ് സി യിൽ നിന്ന് ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് അയച്ചതായി അറിയിച്ചു. ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞവർക്ക് തന്നെയാണ് ഈ ഫോൺ വിളി എത്തിയത്.
ഒരിക്കൽ യോഗ്യത ഇല്ലെന്ന് പറഞ്ഞു അപേക്ഷ നിരസിച്ചവരെ തന്നെ ഒടുവിൽ പ്രൊവിഷണൽ ആയി ഹാൾ ടിക്കറ്റ് നൽകി പരീക്ഷക്ക് ഇരുത്താമെന്ന് ഫോണിൽ വിളിച്ച് അറിയിച്ചത്. സംഭവം വിവാദം ആകുമെന്ന് കണ്ടപ്പോൾ താൽകാലികമായി ഇവരെ കൂടി ഉൾക്കൊള്ളിക്കുകയായിരുന്നു. പ്രൊവിഷണൽ ലിസ്റ്റിൽ പേരില്ലാത്തവരാണ് ഇവർ.
വിജ്ഞാപനത്തിന്റെ ഭാഗമായി നൽകിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയിലും നിരവധി അപാകതകൾ ഉണ്ട്. ഇതിൽ തൊഴിലുടമ പൂരിപ്പിക്കേണ്ട ഭാഗത്ത് ഉദ്യോഗാർഥിയുടെ തൊഴിലിന്റെ സ്വഭാവം എന്താണെന്ന് ചോദിക്കുന്നില്ല. തസ്തികയുടെ പേര് മാത്രമേ ചോദിക്കുന്നുള്ളൂ.
എഡിറ്റോറിയൽ സംബന്ധമായ ജോലികൾ ആണോ ഉദ്യോഗാർത്ഥി ചെയ്തിരുന്നതെന്നും ചോദിക്കുന്നില്ല. എന്നാൽ ഈ സർട്ടിഫിക്കറ്റിൽ പറയുന്ന തസ്തിക പേര് കേട്ടാണ് യോഗ്യതയും അയോഗ്യതയും തീരുമാനിക്കുന്നത്. ഇതേ തുടർന്ന് നിരവധി പേരുടെ അപേക്ഷയും തള്ളപ്പെട്ടിട്ടുണ്ട്.
അതിനിടെ പാർട്ടി ചാനലിലും പത്രത്തിലുമുള്ളവരെ സഹായിക്കാൻ ചിലർ വഴിവിട്ട ഇടപെടലുകൾ നടത്തിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ചില ഉദ്യോഗാർത്ഥികളെ സഹായിക്കാൻ വേണ്ടി പലകാര്യത്തിലും ക്രമക്കേടും നടന്നതായാണ് ആക്ഷേപം.