കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവുശിക്ഷ. ഇയാള്‍ 109000 രൂപ പിഴ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് കേസ്.
രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളില്‍ വിചാരണ തുടരും. 1995 ല്‍ പെണ്‍കുട്ടിയെ സുരേഷ് വീട്ടില്‍നിന്ന് ഇറക്കി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും വിവിധ ആളുകള്‍ക്ക് വില്‍ക്കുകയും ചെയ്തു എന്നാണ് കേസ്. വിതുര കേസില്‍ ആദ്യമായാണ് ഒരു പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കേസില്‍ ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ നേരത്തെ വിട്ടിരുന്നു. കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവില്‍ പോകുകയായിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവില്‍ പോയത്.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്.
21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.