മാണി സി കാപ്പൻ യു ഡി എഫിലേക്ക് തന്നെ; എൻസിപി പിളർപ്പിന് സാധ്യത ; പവാറിൻ്റെ നിലപാട് ഇന്നറിയാം

ന്യൂഡെൽഹി: മാണി സി കാപ്പൻ്റെ യുഡിഎഫ് പ്രവേശന പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ സാധ്യത. എൻസിപി മൊത്തമായ എൽഡിഎഫ് വിടുമോ അതോ ഒരു വിഭാഗം തുടരുമോ എന്ന കാര്യവും ഇന്നത്തോടെ വ്യക്തമായേക്കും. കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുണ ആർക്കെന്ന ചിത്രവും ഇന്ന് അറിയാം.

ഡെൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായും പ്രഫുൽ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അദ്ധ്യക്ഷൻ ടിപി പീതാംബരനും ഇന്ന് വീണ്ടും നിർണായക കൂടിക്കാഴ്ച നടത്തും. യോഗശേഷം മുന്നണിമാറ്റത്തിൽ തീരുമാനമറിയാമെന്ന് കാപ്പൻ പറഞ്ഞു. പാലയിൽ തന്നെ മത്സരിക്കും. എൽഡിഎഫ് സീറ്റ് നൽകിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അത് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും കാപ്പൻ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാണി സി കാപ്പൻ മുന്നണി വിടുന്നത് ദോഷമാണെന്ന ചിന്ത ഇടതുമുന്നണിയിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നും ഇന്നറിയാം. എന്തായാലും ശശീന്ദ്രൻ വിഭാഗം ഇടതിൽ ഉറച്ചു നിൽക്കും. ഇനി ഒന്നേ അറിയാനുള്ളു എൻ സി പി പിളരുമോ, ഒന്നിച്ച് നിൽക്കുമോ. ഇക്കാര്യത്തിലും ഇന്നോടെ തീരുമാനമാകാനാണിട.