മംഗളുരു: രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണ മാംഗളുരുവില്‍ റാഗിങ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കൽ സ്സയന്‍സസിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. കോഴിക്കോട്, കോട്ടയം, കാസര്‍കോട്, പത്തനംതിട്ട സ്വദേശികളാണ് ഇവർ.
മംഗളുരു പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോളേജില്‍ ജൂനിയറായി എത്തിയ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളെയാണ് സംഘം റാഗ് ചെയ്തത്.
റാഗിങ്ങിനിരയായ വിദ്യാർഥികൾ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മംഗളൂരു ദര്‍ളക്കട്ടെ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളായ വടകര പാലയാട് സ്വദേശി മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നം സ്വദേശി റോബിന്‍ ബിജു (20), വൈക്കം എടയാർ സ്വദേശി ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗർ സ്വദേശി ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കാണക്കാരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.
ജൂനിയറായി എത്തിയ വിദ്യാര്‍ത്ഥികളുടെ മുടി മുറിപ്പിക്കുക, താടി വടിപ്പിക്കുക, തീപ്പെട്ടി കമ്പ് കൊണ്ട് മുടി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി പരാതിയില്‍ പറയുന്നു. റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ആദ്യം മാനേജ്‌മെന്റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് കോളേജിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.