ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറാനുളള തീരുമാനം ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കുന്നതു തീരുമാനിച്ചിട്ടില്ല.
കൈമാറുന്നതിനുളള ലേലനടപടികളില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വം ഒഴിവാക്കി.
പൊതുതാത്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണു വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നുമാണു സര്‍ക്കാരിന്റെ വാദം. സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുള്‍പ്പടെയുളള വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയും വിമര്‍ശിക്കപ്പെട്ടു.
അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന് ഇതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അവര്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണു സര്‍ക്കാര്‍ നിലപാടു മാറ്റിയത്.