തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുന്ന വിവാദ ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടാലും ഗസറ്റ് വിജ്ഞാപനം ഇറങ്ങുന്നതു വൈകും. ഈ മാസം 28 നാണു വിശ്വാസ് മേത്ത വിരമിക്കുന്നത്. അതിനുമുമ്പായി വിജ്ഞാപനം ഇറങ്ങിയാല്‍ അന്നു തന്നെ അദ്ദേഹം ചീഫ് സെക്രട്ടറി പദവി ഒഴിയേണ്ടിവരും എന്നതിനാലാണിത്. മറ്റൊരു തസ്തികയില്‍ വേതനം കൈപ്പറ്റി, സംസ്ഥാന വിവരാവകാശ കമ്മിഷണറായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര വിവരാവകാശ നിയമം അനുവദിക്കുന്നില്ല.
പുതിയ ചീഫ് സെക്രട്ടറി വിപി ജോയ് സ്ഥാനമേല്‍ക്കുന്നതു മാര്‍ച്ച് ഒന്നിനാണ്. അതുവരെ വിശ്വാസ് മേത്തയ്ക്കു തുടരേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണു ഗസറ്റ് വിജ്ഞാപനം തല്‍ക്കാലം വൈകിപ്പിക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗമില്ല. കമ്മിഷണറെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മിനിട്ട്‌സില്‍ ഒപ്പിടാത്തതും വിവാദമായിട്ടുണ്ട്. ഐകകണ്‌ഠ്യേന തെരഞ്ഞെടുപ്പു നടത്തിയെന്നാണു മിനിട്ട്‌സിലുള്ളത്.
വിയോജിപ്പ് രേഖപ്പെടുത്താതെയുള്ള മിനിട്ട്‌സില്‍ ഒപ്പിടാന്‍ ചെന്നിത്തല തയാറായില്ല. ചെന്നിത്തലയുടെ ഒപ്പില്ലാതെയാണു ശിപാര്‍ശ ഗവര്‍ണ്ണര്‍ക്കു സമര്‍പ്പിച്ചത്. എന്നാല്‍, വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല.
മേത്തയുടെ നിയമനത്തില്‍ വിയോജനമറിയിച്ചു ചെന്നിത്തല മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്തു നല്‍കിയിരുന്നു.
ശരിയായ രീതിയിലല്ല യോഗം ചേര്‍ന്നതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയാല്‍ ഗവര്‍ണര്‍ ശുപാര്‍ശ മടക്കാനും വിശദീകരണം തേടാനുമിടയുണ്ട്. അതിനാല്‍, ഗവര്‍ണ്ണറുടെ തീരുമാനം വൈകുന്നതു തല്‍ക്കാലം സര്‍ക്കാരിനും ആശ്വാസമാണ്. സമിതിയിലെ മൂന്നുപേരില്‍ ഒരാള്‍ വിയോജിച്ചാലും വിശ്വാസ് മേത്തയെ നിയമിക്കാനാവും.
അതേസമയം, മേത്തയുടെ നിയമനം ഗവര്‍ണ്ണര്‍ അംഗീകരിച്ചെന്നും ഗസറ്റ് വിജ്ഞാപനം 28 വരെ മാറ്റിവച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. അതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ യോഗം ചേരലിനും തീരുമാനമെടുക്കലിനും തടസമുണ്ട്.
സമിതിയിലെ മൂന്നുപേരില്‍ ഒരാള്‍ വിയോജിച്ചാലും തെരഞ്ഞെടുപ്പില്‍ പ്രശ്‌നമുണ്ടാകില്ല.
പക്ഷേ, ശരിയായ രീതിയിലല്ല യോഗം ചേര്‍ന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്തയച്ചാല്‍ ഗവര്‍ണര്‍ക്കു വിശദീകരണം ചോദിക്കാം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്കു വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെടാം. യോഗം കൂടിയെന്നും അതിന്റെ ഓഡിയോ ഉണ്ടെന്നും സര്‍ക്കാരിനു പറയാനുള്ള അവസരമുണ്ടാകും. നിയമനം ഗവര്‍ണര്‍ അംഗീകരിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
വിവരാവകാശ കമ്മിഷണറുടെ നിയമനം വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകണമെന്നു സുപ്രീംകോടതി വിധിയുള്ളത് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിച്ചത് എതിര്‍പ്പില്ലാതെയാണെന്നു വാര്‍ത്തകള്‍ വന്നെങ്കിലും പ്രതിപക്ഷ നേതാവ് നിഷേധിച്ചിരുന്നു. എതിര്‍പ്പു രേഖപ്പെടുത്തി മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു.