നെയ്‌റോബി: ജനിതമാറ്റം സംഭവിച്ച കൊറോണ രോഗം ബാധിച്ച് ആഫ്രിക്കയിൽ നിരവധിപേർ മരിച്ചതായി ലോകാരോഗ്യസംഘടന. ജനുവരിയോടെ മരണനിരക്കിൽ 40 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന ആഫ്രിക്കൻ റീജനൽ ഡയറക്ടർ മാത്ഷിഡിസൊ മൊയ്ത്തി പറഞ്ഞു. പുതിയ കൊറോണ വൈറസ് രാഷ്ട്രങ്ങളുടെ പൊതുജനാരോഗ്യസംവിധാനങ്ങളിൽ കനത്ത സമ്മർദ്ദമുണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു.
”കൊറോണ മരണനിരക്കിലെ വർധന അതീവ ദുരന്തസമാനമായി മാറിക്കഴിഞ്ഞു. അതിനേക്കാൾ പ്രശ്‌നം ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനവും കടുത്ത സമ്മർദ്ദത്തിലായെന്നതാണ്”- മൊയ്ത്തി പറഞ്ഞു. ഈജിപ്തിൽ ആദ്യമായി രോഗബാധ ഉണ്ടായശേഷം മരണനിരക്ക് 1,00,000 ആവുമെന്നാണ് കരുതുന്നത്.
വാക്‌സിനേഷനിലുള്ള കുറവും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വരവാണ് ആഫ്രിക്കയിലെ കൊറോണ ഗ്രാഫ് ഉയരുന്നതിനുപിന്നിലെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടൽ.
28 ദിവസത്തിനുള്ളിൽ 22,300 കൊറോണ മരണങ്ങളാണ് ആഫ്രിക്കയിൽ റിപോർട്ട് ചെയ്തത്. അതിനു മുമ്പുള്ള 28 ദിവസത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇത്. നേരത്തെ അത് 16,000 ആയിരുന്നു.