തിരുവനന്തപുരം: വിവാദമായ ഇന്ത്യൻ നിർമ്മിത കൊവാക്സിൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. നിലവിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിൻ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്.
കൊവാക്സിൻ സുരക്ഷിതമാണെന്നാണ് കേന്ദ്രസർക്കാരിൻ്റെയും വാക്സിൻ നിർമാതാക്കളുടെയും വാദം. ഡെൽഹി ഉൾപ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും കൊവാക്സിൻ വിതരണം ചെയ്യുന്നുണ്ട്. രണ്ട് വാക്സിനുകളും നൽകണമെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
പൊലീസ് ഉൾപ്പെടെ കൊറോണ മുന്നണി പോരാളികൾക്ക് കൊവാക്സിൻ വിതരണം ചെയ്യും. ആരോഗ്യപ്രവർത്തകർക്കുള്ള കൊവിഷീൽഡ് വിതരണം തുടരും. ബാക്കിയുള്ള കൊവിഷീൽഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടു. സമ്മത പത്രം വാങ്ങിയാണ് കൊവാക്സിൻ കുത്തിവെപ്പ് എടുക്കുക.
കൊവാക്സിൻ കുത്തിവെപ്പ് എടുക്കുന്നവരോട് പരീക്ഷണം നടക്കുന്ന വാക്സിനാണെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകൾ രേഖപ്പെടുത്താനുള്ള ഫോമും നൽകും. കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഈ നടപടിക്രമമില്ല.
പരീക്ഷണം പൂർത്തിയാകാത്ത വാക്സീൻ വിതരണം ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരുടെ നിലപാട്. പരീക്ഷണം പൂർത്തിയാകും മുമ്പ് വിതരണം ആരഭിച്ചതിനെ തുടർന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിർമിച്ച കൊവാക്സിൻ വിവാദത്തിലായത്. ഫലപ്രാപ്തി പൂർണമായും തെളിയിക്കപ്പെടാത്ത വാക്സിൻ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിൻ്റെ നിലപാട്.