വിതുരക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

കോട്ടയം: വിതുര പീഡനക്കേസിൽ പ്രതി കുറ്റക്കാരനെന്നു പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കൊല്ലം സ്വദേശി ജുബൈദ മൻസിലിൽ സുരേഷിനെയാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വയ്ക്കുകയും വിവിധയാളുകൾ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.

1995 ഒക്ടോബറിലാണ് സംഭവം. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചു എന്നതാണു കേസ്. 1996 ജൂലൈ 16 നു ഒരു പ്രതിയോടൊപ്പം പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവങ്ങൾ പുറത്തറിയുന്നത്.

ജൂലൈ 23 നൽകിയ മൊഴിയെ തുടർന്നാണ് പീഡന കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ റജിസ്റ്റർ ചെയ്ത 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. 18 വർഷം ഒളിവിലായിരുന്നു സുരേഷ്. വിസ്താരത്തിനിടെ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് ഹൈദരാബാദിൽ നിന്നു പിടികൂടിയതോടെയാണ് കേസിന്റെ മൂന്നാം ഘട്ടം പുനരാരംഭിക്കുന്നത്.

2019 ഒക്ടോബർ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയിൽ ആരംഭിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോൾ ഇയാൾ ഒന്നാം പ്രതി താനാണെന്നു വ്യക്തമാക്കി കോടതിയിൽ സ്വയം കീഴടങ്ങിയതാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.