എവറസ്റ്റ് കീഴടക്കിയെന്ന് ലോകത്തെ തെറ്റിധരിപ്പിച്ചു; രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകരെ നേപ്പാള്‍ വിലക്കി

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കിയെന്ന് അവകാശപ്പെട്ട രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ക്ക് വിലക്കുമായി നേപ്പാള്‍. 2016ല്‍ എവറസ്റ്റ് കീഴടക്കിയെന്ന് ലോകത്തെ തെറ്റിധരിപ്പിച്ചത് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. വിനോദസഞ്ചാര വകുപ്പ് ആയിരുന്നു ഇവര്‍ എവറസ്റ്റ് കീഴടക്കിയതായി സാക്ഷ്യപ്പെടുത്തിയത്.നരേന്ദ്ര സിംഗ് യാദവ്, സീമ റാണി ഗോസ്വാമി എന്നിവരേയും ഇവരുടെ ടീം ലീഡറിനുമാണ് ആറുവര്‍ഷത്തേക്ക് വിലക്കിയത്.

ഇവരെ വിലക്കിക്കൊണ്ടുള്ള നേപ്പാളിന്‍റെ തീരുമാനമെത്തുന്നത് ബുധനാഴ്ചയാണ് . വിലക്കിനേക്കുറിച്ച് ഇരുവരും പ്രതികരിച്ചില്ല. 29032 അടി ഉയരം കീഴടക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം. ടെന്‍സിങ് നേര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡിനായി കഴിഞ്ഞ വര്‍ഷമാണ് നാമനിര്‍ദ്ദേശം ചെയ്തത്.

നരേന്ദ്ര യാദവിനെ ഒരു അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ എവറസ്റ്റ് കീഴടക്കിയതിന്‍റെ തെളിവുകളൊന്നും ഹാജരാക്കാന്‍ യാദവിന് സാധിച്ചിരുന്നില്ല. വിശദമായ പരിശോധനകള്‍ നടത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് വിനോദസഞ്ചാര വകുപ്പിനും പിഴയിട്ടിട്ടുണ്ട്.

1960ലാണ് ഇന്ത്യക്കാര്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. ബചേന്ദ്രിപാലാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത. നിരവധി റെക്കോര്‍ഡുകളും ഇന്ത്യക്കാര്‍ എവറസ്റ്റ് കീഴടക്കുന്ന കാര്യത്തില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഇന്ത്യയ്ക്കെതിരായി സംഭവിക്കുന്നത്. എന്നാല്‍ ഇവരുടെ അവകാശവാദങ്ങള്‍ മറ്റ് പര്‍വ്വതാരേഹകര്‍ ചോദ്യം ചെയ്തതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇവര്‍ രണ്ടുപേരും പര്‍വ്വതാരോഹണത്തിന് എത്തുക കൂടി ചെയ്തില്ലെന്നാണ് നേപ്പാളിലെ വിനോദസഞ്ചാര വകുപ്പ് കണ്ടെത്തിയത്.

വാദങ്ങള്‍ക്ക് അനുസൃതമായ ചിത്രങ്ങള്‍ പോലും ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. വിശദമായ അന്വേഷണത്തില്‍ ഇവര്‍ ഹാജരാക്കിയ ചിത്രങ്ങളടക്കം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പര്‍വ്വതാരോഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വഴികാട്ടികളായി എത്തുന്ന ഷെര്‍പ്പകളും അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നല്‍കിയിരുന്നു.