ന്യൂഡെൽഹി: താൻ പാലായിൽ തന്നെ ഉറപ്പായി മത്സരിക്കുമെന്ന് വ്യകതമാക്കി എൻസിപി നേതാവ് മാണി സി കാപ്പൻ. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മാധ്യമപ്രവർത്തകരോട് കാപ്പൻ നിലപാട് വ്യക്തമാക്കിയത്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപിപീതാംബരനൊപ്പമാണ് കാപ്പൻ ഇന്ന് പവാറിനെ കണ്ടത്.
ഇടതുമുന്നണി പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്നാണ് നിലവിലെ അറിവെന്നും കാപ്പൻ പറഞ്ഞു. എകെ ശശീന്ദ്രന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോണ്ഗ്രസ്-എസിലേക്ക് പോകുമെന്നാണ് തന്റെ അറിവെന്നായിരുന്നു പ്രതികരണം. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള കോൺഗ്രസിന്റെ ക്ഷണത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
കേരളത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേൽ ഇപ്പോൾ ഗോവയിലാണ്. അദ്ദേഹം വെള്ളിയാഴ്ച ഡൽഹിയിൽ മടങ്ങിയെത്തും. ഇതിന് ശേഷം വീണ്ടും കേരള നേതാക്കളുമായി പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമുണ്ടാകുക.