മുൻ ചീഫ് ജസ്റ്റിസിനെതിരായ പരാമർശം; തൃണമൂൽ കോൺഗ്രസ്സ് എംപിക്കെതിരേ അവകാശലംഘന നോട്ടീസ് അയ‌ച്ച് ബിജെപി

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ്സ് എംപി മഹുവ മൊയ്ത്രക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് അയ‌ച്ച് ബിജെപി. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ വിവാദ പരാമർശത്തിലാണ് നടപടി. നേരത്തെ മഹുവയ്ക്കെതിരേ നടപടി വേണ്ട എന്ന നിലപാടിലായിരുന്നു സർക്കാർ.

മഹുവ വിവാദ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് അവകാശ ലംഘനവുമായി മുന്നോട്ടുപോകാൻ ബിജെപി തീരുമാനി‌ച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പി.പി ചൗധരിയാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. മറ്റൊരു ബിജെപി എംപി നിശികാന്ദ് ഡുബെയും അവകാശലംഘന നോട്ടീസു മുന്നോട്ടുവെച്ചു.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരേ മഹുവ നടത്തിയ പരാമർശത്തിൽ അവർ നടപടി നേരിടണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിതിനെതിരേ ഒട്ടും കൂസാതെ കുറച്ചു കൂടി കടുപ്പം കൂടിയ പ്രതികരണമാണ് മഹുവ നടത്തിയത്.

“അവകാശ ലംഘനം കാട്ടി ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാൻ നിങ്ങൾക്കാവില്ല. ഉന്നത പദവിയെ ദുരുപയോഗം ചെയ്ത ശേഷം വിരമിക്കുകയും ആർട്ടിക്കിൾ 121 നടിയിൽ അഭയം തേടാനും നിങ്ങൾക്കാവില്ല”. കടമ നിർവ്വഹിക്കലിൽ ലൈംഗിക പീഡനം പെടില്ലെന്നും തന്റെ പ്രസ്താവനയിൽ ഉറച്ചു നിന്നു കൊണ്ട് മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.

അസുഖകരമായ സത്യത്തിൽ നിന്ന് സർക്കാർ ശ്രദ്ധതിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ തീർച്ചയായും എന്തെങ്കിലും ചെയ്തു. ഈ ശ്രദ്ധ ഡെൽഹി ഗേറ്റിലെ കർഷകർക്കും ദയവായി നൽകൂ എന്ന പരിഹാസ കുറിപ്പും മഹുവ മൊയ്ത്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.