തിരുവനന്തപുരം: വഴിവിട്ട നിയമനങ്ങൾ ദിനചര്യയാക്കി സർക്കാർ മുന്നേറുമ്പോൾ കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി രംഗത്ത്. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടപടി ക്രമങ്ങൾ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി കത്ത് നൽകി.
കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരായ കുറച്ചുപേരെ സ്ഥിരപ്പെടുത്താൻ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ബാങ്ക് സിഇഒ സഹകരണ വകുപ്പിന് ശുപാർശ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷാണ് കേരളാ ബാങ്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. ശുപാർശ പുനഃപരിശോധിക്കണമെന്നും കത്തിൽ പറയുന്നു.