തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി വിപിജോയിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാർച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ വിപി ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് വർഷത്തെ സർവ്വീസ് ബാക്കിയുള്ള വിപി ജോയിക്ക് 2023 ജൂൺ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കാം. നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ വിപി ജോയി പ്രൊവിഡൻ ഫണ്ട് കമ്മീഷണർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചിരുന്നു.
നിലവിൽ കേരള കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഓഫീസറാണ് അദ്ദേഹം. ജോയ് വാഴയിൽ എന്ന പേരിൽ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സിൽ ബിടെക് നേടി ജോയി 1987-ലാണ് ഐഎഎസ് നേടിയത്. സാമൂഹ്യക്ഷേമ വകുപ്പ് അണ്ടർ സെക്രട്ടറി,കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടർ ജനറൽ, പ്രൊവിഡൻ ഫണ്ട് കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
കേരള കേഡറിലായിരുന്ന സമയത്ത് ധനകാര്യം, നികുതി, വനം, ഭവനനിർമ്മാണം, തൊഴിൽ, ഗതാഗതം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും. കെഎസ്ഇബി ചെയർമാൻ, സഹകരണ രജിസ്ട്രാർ, എറണാകുളം ജില്ലാ കളക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.