തിരുവനന്തപുരം: സിനിമാ, നാടക ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിൽ കഴിയുകയായിരുന്നു.
ആറു വർഷമായി ചികിത്സയിലായിരുന്നു. ഷാഹിദയാണ് ഭാര്യ, നാദിയ, ഗീത് എന്നിവർ മക്കളാണ്.
ഒരുപിടി സിനിമകളിലും ഗാനമാലപിച്ചിട്ടുള്ള എം എസ് നസീം ടെലിവിഷൻ രംഗത്തും വളരെ സജീവ സാന്നിദ്ധ്യമായിരുന്നു. ‘അനന്തവൃത്താന്തം’, ‘ഭാര്യയെ ആവശ്യമുണ്ട്’ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്. 1987ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയ അതുല്യ കലാകാരൻ കൂടിയാണ് നസീം. ഗാനമേളകളിലും സ്ഥിരസാന്നിധ്യമായിരുന്നു നസീം.
എം എസ് നസീം മലയാളത്തിലെ ആദ്യ സംഗീത പരമ്പരയായ ‘ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി’യുടെ അമരക്കാരനായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബത്തിൻ്റെ അമരക്കാരനും നസീമാണ്. ‘മലയാള ഗസലുകൾ’ എന്നായിരുന്നു ആൽബത്തിൻ്റെ പേര്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം കൊണ്ടു തന്നെ കെ.പി.എ.സിയിൽ എത്തിയ ഗായകൻ സംഘടനയിലും സജീവമായിരുന്നു.
ചങ്ങമ്പുഴ തീയേറ്റേഴ്‌സ്, ശിവഗിരികലാസമിതി, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികൾക്കായി പാടിയ നസീം കെ.പി.എ.സിയിൽ നിരവധി ജനപ്രിയ നാടക ഗാനങ്ങൾക്ക് ശബ്ദവും പകർന്നു. ‘ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കവേയാണ് നസീം അസുഖബാധിതനാകുന്നത്. ഗുരുവും സംഗീത സംവിധായകനുമായ രാഘവൻ മാസ്റ്ററെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയായിരുന്നു ‘ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേ’.
നസീം സംഗീതലോകത്ത് എത്തുന്നത് പതിനൊന്നാം വയസ്സിലാണ്. കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങളാണ് നസീം പാടിയിട്ടുള്ളത്. ഗായകൻ, കോ ഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ച ഗായകൻ പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഗീത വിമർശകൻ കൂടിയായിരുന്നു.
സ്വരഭാരത് ട്രൂപ്പിലെ അംഗം എന്ന നിലയിൽ ഡൽഹി ദൂർദർശനു വേണ്ടി 18 ഭാഷകളിൽ പാടാനുള്ള ഭാഗ്യവും ഗായകൻ നസീമിന് ലഭിച്ചിട്ടുണ്ട്. നിരവധി ടി.വി. പരമ്പരകൾക്കും നാടകങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി സംഗീത സംവിധാനം ഒരുക്കിയിട്ടുള്ള ഗായകൻ പ്രൊഫഷണൽ നാടക-സമിതികൾക്ക് വേണ്ടിയും അൻപതിലേറെ കാസറ്റുകൾക്കു വേണ്ടിയും പാടി.
കൂടാതെ ‘രാജ്‌മഹൽ’ എന്ന പേരിൽ സിനിമയിലെ പഴയ ഗാനങ്ങളുടെ കളക്ഷൻ പുറത്തിറക്കുകയും ചെയ്തിരുന്നു. നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള നസീമിനെ തേടി നാലുതവണയാണ് ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ് എത്തിയത്. 1992, 1993, 1995, 1997 എന്നീ കാലഘട്ടങ്ങളിലായിരുന്നു പ്രതിഭയെ തേടി ഈ അവാർഡ് എത്തിയത്.
കൂടാതെ 1997-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ് എന്നിവയും നസീമിൻ്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഗാനസ്‌മൃതി, ഹിറ്റ്‌സ് ഓഫ് എ.എം. രാജ എന്നീ കാസറ്റുകളുടെ നിർമ്മാതാവും നസീമാണ്.