കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലെ കലാപം; പ്രതി ഇക്ബാൽ സിംഗ് അറസ്റ്റിൽ

ന്യൂഡെൽഹി: കർഷകരുടെ ട്രാക്ടർ റാലിക്കിടെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന കലാപത്തിലെ പ്രതിയായ ഇക്ബാൽ സിംഗ് അറസ്റ്റിൽ. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് ഇക്ബാൽ സിംഗിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിൽ കടന്ന് ഖാലിസ്താൻ പതാക ഉയർത്താൻ ആഹ്വാനം ചെയ്തത് ഇക്ബാൽ സിംഗ് ആണെന്നാണ് ഡൽഹി പോലീസ് കണ്ടെത്തിയത്.

പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നും ഇന്നലെ രാത്രിയാണ് ഇക്ബാൽ സിംഗിനെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ചെങ്കോട്ടയിൽ നടന്ന കലാപത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇക്ബാൽ സിംഗിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ ഡെൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. സിദ്ധുവിനെ നിലവിൽ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.