ന്യൂഡെൽഹി: യാക്കോബായ ഓർത്തോഡോക്സ് സഭകളിൽ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷം ആർക്കെന്ന് നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ കരട് ബില്ലിൽ വ്യക്തമാക്കുന്നു. ബില്ലിലെ പ്രധാന വ്യവസ്ഥ ഇതാണ്.റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളിൽ നിന്നും ആരെയും ഒഴിപ്പിക്കരുത് എന്നും കരട് ബില്ലിൽ പറയുന്നു.
2017 ലെ സുപ്രീം കോടതി വിധിക്ക് ശേഷവും മലങ്കര സഭയിൽ ഓർത്തോഡോക്സ് യാക്കോബായ വിഭാഗങ്ങൾക്ക് ഇടയിൽ തർക്കം തുടരുകയാണ്. ആചാരങ്ങൾ സംബന്ധിച്ച തർക്കവും തുടരുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശനങ്ങൾക്ക് വഴിവയ്ക്കുകയാണെന്നും ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണാനും ഭൂരിപക്ഷം നിശ്ചയിക്കാനും റഫറണ്ടം നടത്തണമെന്നും മലങ്കര പള്ളികളുടെ ഉടമസ്ഥ അവകാശവും വിശ്വാസവും സംരക്ഷിക്കുന്നതിനുള്ള ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്.
അതോറിറ്റിയിൽ യാക്കോബായ,ഓർത്തോഡോക്സ് വിഭാഗങ്ങളിലെ ഓരോ അംഗങ്ങൾ ഉണ്ടാകണം. സഭകൾ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ല എങ്കിൽ സർക്കാരിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വിശ്വാസികൾക്കും ബാധകം ആയിരിക്കും.
ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയർന്നാൽ പള്ളിയിൽ തങ്ങൾക്ക് ആണ് ഭൂരിപക്ഷമെന്ന് വ്യക്തമാക്കി സഭാ വിശ്വാസികൾക്ക് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകാം. പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിന് ആയി അതോറിറ്റിക്ക് കൈമാറണം എന്നാണ് ബില്ലിലെ വ്യവസ്ഥ.
2017 ൽ സുപ്രീം കോടതി പുറപ്പടിവിച്ച വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളിൽ ഭരണം നടക്കേണ്ടത് . എന്നാൽ സഭാ ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടാത്ത രേഖ ആയതിനാൽ, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികൾ നൽകുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയതെന്നും ബിൽ വ്യക്തമാക്കുന്നു.